പുഴവക്കത്തു താമസിക്കുന്ന സന്യാസിക്ക് ആ പെണ്‍കുട്ടിയാണ് എന്നും പാല് കൊണ്ടുകൊടുത്തിരുന്നത്. പക്ഷേ, പുഴയുടെ അക്കരെ നിന്നും കടത്തുകടന്ന് അവള്‍ വരുമ്പോഴേക്കും പലപ്പോഴും ഒരുപാട് വൈകും. ഒരു ദിവസം വളരെ വൈകിയെത്തിയ പെണ്‍കുട്ടിയോട് സന്യാസി തമാശരൂപേണ പറഞ്ഞു: ഈശ്വരനില്‍ ആശ്രയിച്ചാല്‍ ഏത് സാഗരമാണ് നമുക്ക് നീന്തിക്കടക്കാനാകാത്തത്. പിറ്റേ ദിവസം മുതല്‍ അവള്‍ നേരത്തേ തന്നെ പാല്‍ എത്തിക്കാന്‍ തുടങ്ങി. കാര്യം തിരക്കിയ സന്ന്യാസിയോട് അവള്‍ ഇങ്ങനെ പറഞ്ഞു: ഞാനിപ്പോള്‍ കടത്തുകാരനെ കാത്തുനില്‍ക്കാറില്ല. ഈശ്വരനാമം ജപിച്ച് പുഴയുടെ മുകളിലൂടെ നടന്നുവരും.. അവള്‍ പറഞ്ഞത് വിശ്വാസം വരാതെ സന്ന്യാസി അടുത്തദിവസം പുഴക്കരികില്‍ ചെന്ന് നിന്നു. പെണ്‍കുട്ടി നടന്നുവരുന്നത് അയാള്‍ നേരിട്ട് കണ്ടു. അന്നുമുതല്‍ ആ സന്ന്യാസി പൂര്‍ണ്ണവിശ്വാസിയായി മാറി. മനുഷ്യാശ്രയത്വവും ദൈവാശ്രയത്വവും തമ്മില്‍ പ്രവൃത്തിയിലും ഫലത്തിലും വ്യത്യാസമുണ്ട്. ഒരു മനുഷ്യനേയും പൂര്‍ണ്ണമായി ആശ്രയിക്കാന്‍ പറ്റില്ല. എല്ലാവരും സ്വന്തം സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസരിച്ചാണ് പെരുമാറുന്നത്. അവനനവനുവേണ്ടി ചെലവഴിച്ചതിന് ശേഷമുള്ള സമയവും സമ്പത്തും മാത്രമേ ഭൂരിഭാഗം പേരും മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുകയുള്ളൂ. മറ്റൊരു വ്യക്തിയെ ആശ്രയിച്ചാല്‍, ആരും ആഗ്രഹിച്ച ദൂരങ്ങള്‍ താണ്ടുകയോ തങ്ങളാഗ്രഹിച്ച ലക്ഷ്യങ്ങളില്‍ എത്തിച്ചേരുകയോ ഇല്ല. സ്വന്തമായ തീരുമാനങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ഉള്ളവര്‍ക്ക് മാത്രമേ സ്വന്തമായ സാ്മ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താനാകൂ. ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. സ്വന്തമായ തീരുമാനങ്ങളും സ്വന്ത്രമായ വഴികളും ഇതിനു പിന്നിലുണ്ടോ? തനിക്ക് വഴികാട്ടികളായി ആരൊക്കെയുണ്ടായാലും, വഴിമുടക്കികളായി ആരൊക്കയുണ്ടായാലും സഹായിക്കാന്‍ ആരുമില്ലെങ്കിലും തുടരാനുള്ള ഉറപ്പുണ്ടോ? അവസാന ആശ്രയവും കൈവിടുമ്പോള്‍ തുടരാനായി ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടോ? ഇതിനെല്ലാം ഉത്തരം 'ഉണ്ട് ' എന്നാണെങ്കില്‍ വിജയം നമുക്ക് സ്വന്തമായിരിക്കും - ശുഭദിനം
By കവിത കണ്ണന്‍