ശുഭദിനം 18.08.21

അവര്‍ മുറ്റത്ത് കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു.  അപ്പോഴാണ് ജേഷ്ഠന്‍ അനുജന് ഒരു തുമ്പിയെ പിടിച്ചു നൂലില്‍ കെട്ടികൊടുത്തത്.  അനുജന് സന്തോഷമായി.  കയ്യിലുള്ള നൂലിന്റെ അറ്റത്ത് തുമ്പി ഹെലികോപ്റ്റര്‍ പോലെ പറക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ തുമ്പിയുടെ ഒരു ചിറകൊടിഞ്ഞു.  അത് തളര്‍ന്ന് താഴെ വീണു.  കുറച്ച് നേരം വിഷമത്തോടെ നോക്കിയിരുന്നതിന് ശേഷം അവന്‍ ആ തുമ്പിയേയും എടുത്ത് അമ്മയുടെ അടുത്തെത്തി.  കൂടെ ആ തുമ്പിയുടെ അറ്റുപോയ ചിറകും ഒരു കുപ്പി പശയുമുണ്ടായിരുന്നു!  അടര്‍ന്നുവീണതെല്ലാം തിരികെ വെയ്കാനാകില്ല.

  അതുപോലെ തകര്‍ന്നുപോയതെല്ലാം കൂട്ടിച്ചേര്‍ക്കാനുമാകില്ല.  പ്രത്യേകിച്ച്, വിശ്വാസവും പ്രതിബദ്ധതയും.  എല്ലാവര്‍ക്കും തങ്ങളുടേതായ സ്വകാര്യതകളും ബലഹീനതകളുമുണ്ട്.  അതുപോലെ എല്ലാവര്‍ക്കും അവനവന്റെ മൃദുലഭാവങ്ങളും സവിശേഷതകളുമുണ്ട്.  അതറിഞ്ഞുവേണം നാം ഇടപഴകാനും സംവദിക്കാനും.  കൂടെനില്‍ക്കുന്നവരുടെ അപക്വമായ ഇടപെടലിലൂടെ സന്തോഷവും ആയുസ്സും നഷ്ടപ്പെട്ട ഒട്ടേറെ പേരുണ്ട്.  ക്ഷമിക്കണം എന്ന വാക്കുപോലും പറയാന്‍ യോഗ്യതയില്ലാത്തവര്‍.  പലപ്പോഴും നമുക്കിഷ്ടപ്പെട്ട രീതിയില്‍ നമ്മോട് പെരുമാറുന്നവരെല്ലാം അപ്രകാരം ചെയ്യുന്നത്, നമ്മോടുള്ള താല്‍പര്യം കൊണ്ടാകണമെന്നില്ല.  ഭയംകൊണ്ടോ, നിവൃത്തികേടുകൊണ്ടോ, ഒരു പിണക്കം ഒഴിവാക്കുന്നതിന് വേണ്ടിയോ ആകാം.  ലഭിക്കുന്ന ആനുകൂല്യങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ബന്ധവും അധികകാലം നിലനില്‍ക്കുകയില്ല.  എങ്ങനെയാണ് ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് നാം കടലാഴങ്ങളില്‍ മുങ്ങിത്തപ്പേണ്ട ആവശ്യമൊന്നുമില്ല.  ആളുകളെ വസ്തുക്കളായി കണ്ട് ഉപയോഗിക്കുന്നവര്‍ ചെറിയ തേയ്മാനം അതിന് സംഭവിച്ചാല്‍ തന്നെ ഒഴിവാക്കിക്കളയും, അതുപോലെ സ്വന്തമാക്കി ഒരു നിയന്ത്രണരേഖയ്ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും അവസരം ലഭിച്ചാല്‍ ഓടി രക്ഷപ്പെടും.  ആഗ്രഹമില്ലെങ്കിലും അനഭിലഷണീയ ബന്ധങ്ങളില്‍ പെട്ടുപോകുന്നവരുണ്ട്.  ബന്ധങ്ങളില്‍ തെറ്റുസംഭവിക്കാന്‍ പാടില്ല എന്ന നിബന്ധനയൊന്നൂമില്ല, പക്ഷേ, തെറ്റ് തിരിച്ചറിഞ്ഞാല്‍ തിരുത്തുക എന്ന മനോഭാവമാണ് പ്രധാനം.  പരസ്പരം പഴിചാരല്‍ നമുക്ക് അവസാനിപ്പിക്കാം, തുടരട്ടെ നല്ല ബന്ധങ്ങള്‍ - ശുഭദിനം.

കവിത കണ്ണന്‍

Tags