വാർത്തകൾ 2021 ഓഗസ്റ്റ് 19

🔳അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം ഇന്ത്യ കാബൂളില്‍ എത്തിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ തയ്യാറാക്കി നിറുത്താനും പ്രധാനമന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു. താലിബാനോടുള്ള നിലപാട് സുഹൃദ് രാജ്യങ്ങളുമായി ആലോചിച്ച്  തീരുമാനിക്കും.

🔳അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്.

🔳കോവിഡ് 19 മൂന്നാംതരംഗത്തിന്റെ ആശങ്ക നിലനില്‍ക്കേ കുട്ടികള്‍ക്ക് കരുതലൊരുക്കാന്‍ രാജ്യം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്റ്റംബറോട് തയ്യാറായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം പറഞ്ഞു. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ  3-ാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

🔳പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി.

🔳വൈദ്യുതിനിരക്ക് നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കല്‍ വര്‍ധിപ്പിച്ച നിരക്ക് നാലുവര്‍ഷത്തിന് പകരം അഞ്ചുവര്‍ഷത്തേക്ക് ബാധകമാക്കി. കെ.എസ്.ഇ.ബി.ക്കും വിതരണ ലൈസന്‍സികള്‍ക്കും വ്യത്യസ്ത നിരക്കാവാം. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. കേരളത്തിന് പുറത്ത് വില്‍ക്കുന്നതും നിയന്ത്രിക്കും.

🔳ചലച്ചിത്ര താരങ്ങളായ മ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് രണ്ടുപേര്‍ക്കും ലഭിക്കുക. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

🔳രാജ്യത്ത് സ്ലിപ്പര്‍ ചെരുപ്പിടുന്ന സാധാരണക്കാരനും താങ്ങാനാവുന്ന വിമാനയാത്ര സാധ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് ചെറിയ നഗരങ്ങളില്‍ പോലും പുതിയ വിമാനത്താവളങ്ങള്‍ തുറന്നതായും ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യോമപാതകള്‍ പുതുതായി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും ഇന്ത്യയില്‍ ഇത് സാധ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരും വിധം വിമാനയാത്ര സൗകര്യം വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ 63 കോളേജുകളില്‍ ക്ലാസെടുക്കാതെ സമരം ചെയ്ത് അധ്യാപകര്‍. സര്‍വകലാശാലയ്ക്കുകീഴിലെ  12 കോളേജുകളിലെ അധ്യാപകരുടെ ശമ്പളം മൂന്നുമാസമായി നല്‍കിയില്ലെന്നാരോപിച്ചാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ഡല്‍ഹി സര്‍ക്കാര്‍ നേരിട്ട് ഫണ്ട് നല്‍കുന്ന കോളേജുകളാണിത്. അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് പ്രതിഷേധസമരം നടന്നത്.

🔳അഫ്ഗാനിസ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും കുടുംബത്തിനും യുഎഇ അഭയം നല്‍കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്‌റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയായിരുന്നു.

🔳താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലായി 2000-ല്‍ അധികം അഫ്ഗാന്‍ പൗരന്മാരെ അഫ്ഗാന്‍ വിടുന്നതിന് ബ്രിട്ടന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

🔳അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍ക്കാര്‍ രൂപവത്കരണം നടക്കേണ്ടതുണ്ടെന്ന് ചൈന. തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ചൈന വ്യക്തമാക്കി.

🔳ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ മലയാളി താരം അബ്ദുള്‍ റസാഖ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് വെങ്കലം. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്‌ലറ്റുകള്‍. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി.

Tags