മലയാളം വാർത്തകൾ 18.08.21

 🔳കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഇപ്പോഴും രാജ്യത്തേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.  ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 1650 പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

🔳അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക.

🔳മുന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ അസാന്നിധ്യത്തില്‍ താനാണ് അഫ്ഗാനിസ്താന്റെ ഇടക്കാല പ്രസിഡന്റെന്ന അവകാശ വാദവുമായി മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. പിന്തുണയും പൊതുസമ്മതിയും നേടുന്നതിനായി എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഒരു സാഹചര്യത്തിലും താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔳ആര്‍ക്കും ഭീഷണികള്‍ ഉണ്ടാവില്ലെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാന്‍. സ്ത്രീകളോട് വിവേചനം ഉണ്ടാവില്ലെന്നും അവര്‍ക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരമുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്താന്‍ നിയന്ത്രണത്തിലായ ശേഷം ആദ്യമായി താലിബാന്‍ വക്താവ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

🔳കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ വിവിധ രൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നതെന്നും ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

🔳കോവിഡ് മൂന്നാം തരംഗ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

🔳കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം.

🔳കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ് സോളാര്‍ കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു തട്ടിപ്പു കേസിലെ പ്രതി മൊഴി നല്‍കിയിട്ടും പിണറായി വിജയനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

🔳സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും.

🔳പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്'. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.

🔳സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനും ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബിനുമെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെ പി.കെ നവാസിനെതിരേ പ്രതികരണവുമായി ഒരു വിഭാഗം നേതാക്കള്‍. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന തെറ്റായ കാര്യത്തിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തരുതെന്നും ഹരിതയുടെ പരാതിയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.

🔳എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളിലുണ്ടായ വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അബ്ദുസമദ് വ്യക്തമാക്കി.

🔳എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരിന്നു.

🔳മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.

🔳എന്റെ മകനാണിത്. ഇവന്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. നിങ്ങളൊക്കെ കാണുന്നതിന് മുന്‍പ് ഞാനാണ് ഈ മുഖം കണ്ടത്' കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയപ്പോഴായായിരുന്നു നാടകീയവും വികാരഭരിതവുമായ രംഗങ്ങള്‍ അരങ്ങേറിയത്. രാഹുലിന്റെ ജനന സമയത്ത് പരിചരിച്ച നേഴ്സ് ആണ് ബത്തേരി നായ്ക്കട്ടി സ്വദേശി വാവത്തില്‍ രാജമ്മ. രാഹുല്‍ ഗാന്ധിയെ കാണുന്നതിനും സ്നേഹം പുതുക്കുന്നതിനും വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍.

🔳2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ് (നോവല്‍-അടിയാളപ്രേതം), ഒ.പി സുരേഷ് (കവിത- താജ്മഹല്‍),  ഉണ്ണി. ആര്‍ (ചെറുകഥ- വാങ്ക്) എന്നിവര്‍ക്കാണ് പുരസ്‌കാരം.  25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം.

🔳തമിഴ് നടനും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ കണ്ണന്‍ (48) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

🔳സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

🔳പുണെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത് ബിജെപി പ്രവര്‍ത്തകന്‍. 37 കാരനായ മയൂര്‍ മുണ്ഡെയാണ് പുണെയിലെ അന്ധ് മേഖലയില്‍ മോദിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിച്ചത്.  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ആദരമായാണ് പ്രധാനമന്ത്രിയുടെ പേരില്‍ സ്വന്തം സ്ഥലത്ത് ക്ഷേത്രം പണിതതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് കൂടിയായ മയൂര്‍ പറഞ്ഞു.

🔳2022-ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേണല്‍ അജയ് കോതിയാല്‍ എ.എ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യമറിയിച്ചത്. മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്.

🔳ഉത്തര്‍പ്രദേശില്‍ ജില്ലകളുടെ പേരുമാറ്റം തുടരുന്നു. അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കും. മെയിന്‍പുരി ജില്ല ഇനിമുതല്‍ മായന്‍ നഗറാകും. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.

🔳ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബിജെപി നേതാവിനെ ഭീകരവാദികള്‍ വെടിവച്ച് കൊന്നു. ഹോംഷാലിബാഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ദര്‍ ആണ് മരിച്ചത്. ഒരു മാസത്തിനിടെ ഭീകരര്‍ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ജാവീദ് അഹമ്മദ് ദര്‍.

🔳രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ കലശലായ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ പാനിപ്പത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ നീരജ് ചോപ്രക്ക് പനി വര്‍ധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു..

🔳പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യ - ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുണ്ടായ വാക്‌പോരില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. വിരാടിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്കുമതേ. ഞാന്‍ ക്രിക്കറ്റ് കളിക്കുന്ന രീതിക്ക് നേര്‍ വിപരീതമാണത്. വിരാടും സംഘവും നന്നായി കളിച്ചു. വൈകാരികമായ എന്തോ ഒന്നിലേക്ക് എത്തിപ്പെട്ടതോടെ അവര്‍ക്ക് ഒരു മേല്‍ക്കൈ ലഭിച്ചു. അത് അവര്‍ തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്തു.'' ജോ റൂട്ട് പറഞ്ഞു.

Tags